കെ ടെറ്റ് അപേക്ഷിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രൈമറി ക്ലാസുകള്‍ മുതല്‍ ഹൈസ്‌കൂള്‍വരെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് കെ ടെറ്റ്.

Mon Sep 15, 2025


ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും കെടെറ്റ് യോഗ്യതാ പരീക്ഷയ്ക്കുള്ള വ്യവസ്ഥകള്‍ മനസ്സിലാക്കിയിരിക്കണം. എന്തെല്ലാം അടിസ്ഥാന യോഗ്യതകളാണ് പരീക്ഷയെഴുതാന്‍ ആവശ്യമുള്ളതെന്നും നാല് കാറ്റഗറികളില്‍ ഏതിനെല്ലാമാണ് അപേക്ഷിക്കാനാവുകയെന്നും അറിഞ്ഞിരിക്കണം. അങ്ങനെയെങ്കില്‍ ആശയക്കുഴപ്പവും സമയ നഷ്ടവും ഒഴിവാക്കാം.

എല്‍പി, യുപി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ളതാണ് കെ ടെറ്റിന്റെ കാറ്റഗറി 1,2,3 എന്നിവ. യുപി തലം വരെയുള്ള ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് കാറ്റഗറി -4. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, കായികാധ്യാപകര്‍ എന്നിവരാകാന്‍ ആഗ്രഹിക്കുന്നവരും കാറ്റഗറി-4ലാണ് ഉള്‍പ്പെടുന്നത്.

അപേക്ഷിക്കുന്നതിന്നുള്ള യോഗ്യത

ഹയര്‍സെക്കന്‍ഡറി/ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി/ ബിരുദം എന്നിവയ്ക്ക് ഒപ്പം ബിഎഡ്/ ടിടിസി/ഡി.എഡ്/ഡിഎല്‍എഡ്/ എല്‍ടിടിസി/ബിഎല്‍എഡ്/ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ ബിഎഎഡ്/ ബി.എസ്.സി.എഡ് ഉള്ളവര്‍ക്ക് പരീക്ഷയ്ക്ക് ഇരിക്കാനായി അപേക്ഷിക്കാം. ഈ പരീക്ഷയ്ക്ക് പ്രായ പരിധിയില്ല. എന്നാല്‍ ഒരു തവണ കെ ടെറ്റ് ജയിച്ചവര്‍ക്ക് അതേ കാറ്റഗറിയില്‍ വീണ്ടും പരീക്ഷയ്ക്ക് ഇരിക്കാന്‍ സാധിക്കില്ല.

അപേക്ഷിക്കുന്നതിലെ വ്യവസ്ഥകള്‍

പ്രൈമറി ഘട്ടത്തിലുള്ള സിടെറ്റ് യോഗ്യതയുള്ളവരെ കാറ്റഗറി 1 യോഗ്യത നേടുന്നതില്‍ നിന്നും സിടെറ്റ് 2 ഉള്ളവരെ കാറ്റഗറി-2 യോഗ്യത നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നെറ്റ്, സെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് തുടങ്ങിയ യോഗ്യതയുള്ളവർ 1 മുതല്‍ 4 വരെയുള്ള കാറ്റഗറികളില്‍ യോഗ്യത വീണ്ടും നേടേണ്ടതുണ്ട്.
കാറ്റഗറി 1,2 എന്നിവയിലൊന്നില്‍ യോഗ്യതയുള്ളവരെ എല്‍പി, യുപി അധ്യാപക നിയമനത്തിന് പരിഗണിക്കുകയും ചെയ്യും. എങ്കിലും ഡിഗ്രി + ബി എഡ് ഉള്ളവർ കാറ്റഗറി 2 (UP) മാത്രമാണ് എഴുതാൻ പറ്റുന്നത്.
ടിടിസി/ ഡി എൽ എഡ് യോഗ്യത ഉള്ളവർക്ക് കാറ്റഗറി 1 എഴുതാം. അവർക്ക് തന്നെ ഡിഗ്രി ഉണ്ടെങ്കിൽ കാറ്റഗറി 2 കൂടെ എഴുതാവുന്നതാണ്.

മറ്റ് സുപ്രധാന വ്യവസ്ഥകള്‍
45 ശതമാനത്തില്‍ കുറയാത്ത ബിഎ ബിരുദവും തത്തുല്യ യോഗ്യതയും എല്‍ടിടിസി അല്ലെങ്കില്‍ ഡിഎല്‍എഡ് യോഗ്യതയും ഉള്ളവര്‍ക്ക് കാറ്റഗറി 3ന് അപേക്ഷിക്കാനുള്ള സാഹചര്യമുണ്ട്. ഡിഎഡ്.ഡിഎല്‍എഡ്, ബിഎഡ് എന്നിവയുടെ അവസാന വര്‍ഷ/ അവസാന സെമസ്റ്റര്‍ പഠിക്കുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. എന്നാല്‍ കോഴ്സ് കാലയളവ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാലേ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ അര്‍ഹത ഉണ്ടാവുകയുള്ളൂ.



Basith
A California-based travel writer, lover of food, oceans, and nature.